Saturday, 23 January 2010

താമസമെന്തേ വരുവാന്‍.../ഷഹബാസ് അമന്‍

താമസമെന്തേ വരുവാന്‍..........

താമസമെന്തേ വരുവാന്‍ പ്രാണസഖീ എന്‍റെ മുന്നില്‍........

"മലയാളത്തില്‍ നില്‍ക്കാത്ത" ഒരു ഗീതകം എന്ന നിലയിലാണ് ഞാന്‍ ഇതിനെ നോക്കിക്കാണുന്നത്. എന്തെന്നാല്‍ മലയാളത്തിന്‍റെ 'ള' എന്ന വളവില്‍ വെച്ചല്ല ഞാന്‍ ആ പാട്ടിനെ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും.
ഇങ്ങനെയൊരു മുന്‍‌കൂര്‍ ജാമ്യാപേക്ഷ, കൂടെ നാല് ഉദ്ധരണികളും:
1 . "ഞാന്‍ പാടാറില്ലാത്ത പാട്ട്. കഴിയുന്നതും പാടില്ല. വളരെ നിര്‍ബന്ധിച്ചാല്‍ ചിലപ്പോള്‍ രണ്ടു വരി മൂളി എന്ന് വരാം. വേണ്ട, എന്തിനാ ഇങ്ങനെ നിര്‍ബന്ധിക്കുന്നത്‌."
2 . "ഷാഹിദ് പര്‍വേസ് സിത്താറില്‍ കൈവെച്ചിട്ടുണ്ടിഷ്ട്ടാ...ബിംബ്ലാസി രാഗത്തില്‍ ഓരോ കോര്‍ണരും പോയി തൊടുന്ന ഒരു കിടിലന്‍ സാധനം. ഈശോ... ബിംബ്ലാസില് എന്തോരം പാട്ട് ഞമ്മള് കേട്ടിട്ടുണ്ട്... പക്ഷെ സത്യം പറയാലോ.. നിക്ക് നമ്മടെ ബാബുരാജ് മാഷിന്‍റെ പാട്ടാ ഓര്‍മ വന്നത്- താമസമെന്തേ........
3 . "എല്ലാരും പറയുണ്ട്. പക്ഷെ, സത്യത്തില് ഈ താമസമെന്തേ ബിംബ് ലാസിലാണോ ഭായ്? (പിന്നെയൊരു രാഗത്തിന്‍റെ പേര് പറഞ്ഞു. മറന്നു). അതിലല്ലേ ഉസ്താദ് അത് കമ്പോസ് ചെയ്തിരിക്കണേ? ചായ്‌വ് അങ്ങോട്ടാണ് തോന്നീതുട്ടോ. യേശുദാസ് അത് ബിംബ് ലാസിയിലാണ് പാടിയിരിക്കണത്. ഭംഗീണ്ട്. പക്ഷെ.. എന്തോ..ഒരു ... എന്‍റെ അയ്പ്രായാട്ടോ..."
4 . "അല്ലെടോ... "താമസമെന്തേ.." ഈ പറയിണ അത്രക്കൊക്കെണ്ടോ? ന്താപ്പോത്ര പെരുത്ത്‌ അയലുള്ളത്? ഇനുക്ക് മനസ്സിലാകണില്യ"


നാല് കൊട്ടഷന്‍സ്. നാല് പേര്‍ . ആദ്യത്തെത് സ്വന്തം സ്റ്റേടുമെന്റ്.
രണ്ടാമത്തേത്‌ ഞാന്‍ വളരെയധികം ബഹുമാനിക്കുന്ന ആരാധിക്കുന്ന എന്‍റെ സംഗീതകാരനായ സുഹൃത്ത്‌- ഫിലിപ്പ് വി .ഫ്രാന്‍സിസ് . തൃശൂര്‍ക്കാരന്‍. ഇപ്പോള്‍ വെസ്റ്റിന്‍ഡീസ്ല്‍ ഇന്ത്യയുടെ സംഗീത പ്രതിനിധാനം.
മൂന്നാമത്തേത്‌ എനിക്ക് വളരെ താല്പര്യം തോന്നിയ ഒരാള്‍. ഒരിക്കലെ കണ്ടുള്ളൂ. ഗുരുവായൂര്‍ - ചാവക്കാട് ഏരിയ യില്‍ ഓട്ടോ ഓടിക്കുന്നു. പേര് മറന്നു.
നാലാമത്തേത്‌ എന്‍റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍. ഒരുമിച്ചു ഒരേ ക്ലബ്ബില്‍ കാലങ്ങളോളം. ഇപ്പോള്‍ വിദേശത്ത്. എപ്പോള്‍ കാണുമ്പോഴും പറയും "ജ്ജ് പ്പളും ആ പഴേ ലൈന്‍ തന്നെ? സീരിയസ് സംഗീതം...? എടൊ... രണ്ടു മുക്കാല് ഉണ്ടാക്കാന്‍ നോക്ക്. ന്നെ നോക്ക് ജ്ജ് . പത്തമ്പത് ശിഷ്യന്മാര്‍. സ്വന്തമായി ജോലി, വീട്, സ്ഥലം" (ശിഷ്യന്മാര്‍ എന്ന് പറയുന്നത് കളരിയല്ല. മുസികില്‍ തന്നെ. ഇയാള്‍ നാലര വര്ഷം മലപ്പുറത്തെ വലിയ സംഗീതജ്ഞനായിരുന്ന ടി ജി മാരാരുടെ കര്‍ണാട്ടിക് ശിഷ്യന്‍ ആയിരുന്നു. പകുതി വെച്ചു നിറുത്തിപ്പോന്നു. 'അമ്മാന്ടോ..." എന്ന ഹിന്ദി ഗാനം പാടിയായിരുന്നു കോഴിക്കോട്ടെ ഒരു ഗാനമേള സ്റ്റേജില്‍ 'അരങ്ങേറ്റം'. നല്ല ചെവി, നല്ല ശ്രുതി ബോധം. പേര് പറയാതിരിക്കുന്നതിനു ക്ഷമിക്കുക).
ഇവ്വിധം വ്യക്തികളിലേക്ക് കടന്നു കയറാന്‍ ഉദ്ദേശിക്കുന്നില്ല. നമുക്ക് പാട്ടിലേക്ക് വരാം. പ്രതിപാദ്യ ഗാനത്തെ ക്കുറിച്ച് പലരും പലതും പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും എന്നെ സ്പര്‍ശിച്ചതും ക്വാട്ട് ചെയ്യാന്‍ തോന്നിയതുമായ മൂന്നു അഭിപ്രായങ്ങളെയാണ് ഞാന്‍ നിങ്ങള്ക്ക് മുമ്പാകെ (കിമ്പാകെ) വെച്ചത്.
ആ ഗാനത്തെ കുറിച്ച് പറഞ്ഞും അറിഞ്ഞും കേട്ടും മറ്റും മനസ്സിലാക്കിയ (ചിലതൊക്കെ സ്വന്തവും) വേറെയും ചില കാര്യങ്ങള്‍ ഇതാ:
യേശുദാസ് പാടിയതിലേക്കും വെച്ച് ഏറ്റവും നന്നായി പാടിയ ഗാനം (ഇപ്പോള്‍ തന്നെ പറയട്ടെ, ഈ പ്രസ്താവനക്ക് താഴെ ഞാന്‍ ഒപ്പ് വെക്കില്ല. "സാഗരമേ ശാന്തമാക നീ" എന്ന ഗാനമാണെങ്കില്‍ നോക്കാം).
പി ജയചന്ദ്രന്‍ തന്‍റെ അതിനോടുള്ള - താമസമെന്തേ - ആരാധന പലവുരു വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം മാത്രമല്ല, പലരും പല നിലയിലും വേറെയുമുണ്ട്.
പിന്നെ മദന്‍മോഹന്‍ സ്വാധീനം...
ബാവുക്ക ഈ പാട്ട് പാടി കേള്‍ക്കാന്‍ സംവിധാനം ഇല്ലാതെ പോയി. ഒരു റിക്കാര്‍ഡും ഇല്ല (ഉണ്ടോ?) എന്നിത്യാദി പ്രശ്നങ്ങള്‍.
നേരിട്ട് കേട്ടവരൊക്കെ ഇന്നും കോഴിക്കോടിന്റെ - കോട്ടയത്തും കണ്ടേക്കും- മുക്കുമൂലകളില്‍ ഉണ്ടാകാം. മറ്റു ഗാനങ്ങള്‍ പാടിയ രീതി വെച്ചുപിടിച്ചാല്‍ നമുക്കൂഹിക്കാമല്ലോ ഭീകരമായിരിക്കുമെന്ന് (ഭീകരം എന്നത് നേരര്‍ത്ഥത്തില്‍ എടുത്താല്‍ സാദാ ഭീകരന്മാര്‍ (ആഗോളത്തിലല്ല ) .അത് ഇവിടെ ഉദ്ദേശിക്കുന്നില്ല; ഇപ്പോള്‍ )
ബാബുരാജ്‌, മെഹ്ദി ഹസ്സന്‍ , മുഹമ്മദ്‌ റാഫി, തലത് മഹമൂദ്, ഹരിഹരന്‍ എന്നിവരിലാരെങ്കിലും അതൊന്നു ആലപിച്ചു കേട്ടിരുന്നെങ്കില്‍ എന്ന വല്ലാത്ത പൂതി... കൊതി. (പലരും പറയാറുള്ളത്)
ആ പാട്ടിലെ ഹിന്ദുസ്ഥാനി സമ്പ്രദായത്തിലുള്ള പകട്‌ എന്തെന്നാല്‍, മാത്രകള്‍ക്കിടയില്‍ നമ്മുടെ ഭാഷ സ്ഥിതി ചെയ്യുന്ന / ചെയ്യേണ്ടുന്ന ഒരു ഘടനയുണ്ട്. അതിന്റെ പുറത്തേക്കു പോകേണ്ട പാട്ടുകളാണ് ബാബുക്ക ഗാനങ്ങള്‍. വേറെയുമുണ്ട് ചിലത്. 'മലയാളികളായ നമ്മള്‍' അത് പാടുമ്പോള്‍ ( ഓര്‍ക്കുക, ആ ഗാനം മലയാളത്തില്‍ നില്‍ക്കുന്നില്ല) വരുത്തി വെക്കുന്ന ഒരു കുഴപ്പം ഉണ്ട്. യേശുദാസിനെ മാറ്റി നിറുത്തുന്നു. അദ്ദേഹം 'മലയാളത്തിലെ' എക്കാലത്തെയും മികച്ച ഗായകനാണ്. വിഷയം ഭാഷ തന്നെ- ഭാഷ, മാത്ര, സാഹിത്യം, പകട്‌ എന്നീ ഘടകങ്ങളും. ഇനി അങ്ങനെ ഒരാള്‍ ഉണ്ടാകുമോ എന്നുറപ്പില്ല. അദ്ദേഹം ഒരു കാലഘട്ടത്തിന്റെ പൊതു സവിശേഷതകളുടെ / പൊതു സമാനതകളുടെ / ഒരു പൊതു ബോധത്തിന്റെ പ്രോഡക്റ്റ് കൂടിയാണെന്നും പറഞ്ഞു കൊള്ളട്ടെ.
ഭാഷാപ്രശ്നം -പകട്‌- രാഗാലാപ്- രാഗജ്ഞാനം (അറിവല്ല) ഇന്ന ഭാവത്തിന്‍റെ / രാഗത്തിന്‍റെ ഡോമിനന്‍സ് എന്നിങ്ങനെയൊക്കെയുള്ള വിഷയങ്ങളെ അധികരിച്ചാണ് ഇപ്പറഞ്ഞതൊക്കെ.
മലയാളത്തില്‍ ഇങ്ങനെ ലക്ഷണമൊത്ത ഒരു ഗസല്‍ (വാക്കര്‍ത്ഥത്തില്‍) എഴുതാന്‍ പറ്റുമെങ്കില്‍ അത് പി ഭാസ്കരന് മുമ്പും പിമ്പും പി ഭാസ്കരന് മാത്രമേ കഴിയൂ. സംഗീതം ചെയ്യാന്‍ പറ്റുമെങ്കില്‍ ബാബുരാജിനും. വൃത്തി, മര്യാദ, വെടിപ്പ്, നല്ല മനസ്സ്, കാറ്റ്, തണുപ്പ് ഇതൊക്കെയാണ് ആ പാട്ടിന്റെ ഒരു ഔട്പുട്ട് (ഇതൊക്കെ തന്നെയായിരിക്കാം ജീവിത സാഹചര്യവുമായി ഏറ്റുമുട്ടുമ്പോള്‍ "ഒരു പുഷ്പത്തിന്‍റെ" അത്ര പോലും അതിനെ സാധാരണക്കാര്‍- പൊടിപറ്റി ജോലി ചെയ്യുന്ന ആളുകള്‍ ഏറ്റെടുത്തു കാണാത്തതെന്നും കാണുന്നു. അറിയില്ല.)
തിരുവിതാംകൂറിനെയും മലബാറിനെയും പരസ്പരം ബന്ധിപ്പിച്ച ഒരു പാലം എന്നും അതെക്കുറിച്ച് പറയാം.
വെറും പാലമല്ല.
നല്ല അഴകാന പാലം! (കടപ്പാട്: "നല്ല അഴകാന തക്കാളി"- ദാസന്‍ - നാടോടിക്കാറ്റ്)
ഇതിന്‍റെ ഫുള്‍ ക്രെഡിറ്റ്‌ അതിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് തന്നെ. പ്രത്യേകിച്ചും പേര്‍ത്തും പി ബി - എം എസ്‌ കൂട്ടുകെട്ടിന്.
കൊടുങ്ങല്ലുരും കോഴിക്കോട്ടും സാമൂതിരിയുടെ കാലത്തേ ഇങ്ങനെയൊരു കൊടുക്കല്‍ വാങ്ങല്‍ ഉണ്ടായിരുന്നെന്ന് കൊടുങ്ങല്ലൂരില്‍ വെച്ച് തന്നെ, ഒരു പെരുന്നാള്‍ ദിവസം, നല്ല മട്ടണ്‍ കൂട്ടികൊണ്ടിരിക്കുമ്പോള്‍ (മീന്‍ ചെറുപ്പക്കാര്‍ കൊണ്ടുപോയി) ബാബു ഭരദ്വാജ് പറഞ്ഞത് ഇത്തരുണത്തില്‍ ഓര്‍ക്കാന്‍ ഒരു രസം.
ശരിയാവാം, ഈയുള്ളവന് അങ്ങനെയുള്ള ശക്തമായ ഒരു കൊടുങ്ങല്ലൂര്‍ ബന്ധമുണ്ട്.
ഞങ്ങളെക്കാളും മൂപ്പുള്ള, ഒരു തിരക്കഥകൃത്തിനും ഞാനങ്ങനെ കണ്ടിട്ടുണ്ട്. ഒന്നെഴുത്തും ഒന്ന് പാട്ടും. രണ്ടു കൈവഴികളുള്ള പാലങ്ങള്‍...(അഴകാന പാലങ്ങള്‍...???)
അതിരിക്കട്ടെ, നമ്മുടെ പ്രശ്നം "താമസമെന്തേ..."
പ്രേംനസീര്‍ എന്ന കാലാകാലകാമുകന്‍- ബഷീര്‍ - യേശുദാസ്- ഒരു കത്തി- റീ ടേക്ക് - പുനലൂര്‍ രാജന്‍റെ പ്രസിദ്ധമായ ഒരു സ്നാപ്- ബാബുക്കയുടെ അതൃപ്തി.
ഇങ്ങനെയിങ്ങനെ വേറെയും ചില ചിന്തകള്‍! ബാബുക്ക അസംതൃപ്തനായിരുന്നോ? യേശുദാസിന്‍റെ ആലാപനത്തില്‍?
ആവാം- ആവാതിരിക്കാം.
മലയാളത്തില്‍ മാക്സിമം അത്രയൊക്കെയെ ഗസലുണ്ടാക്കാന്‍ പറ്റൂ- പിന്നെ പറ്റും. ഭാഷയ്ക്ക്‌ പരിക്ക് പറ്റും. അല്ലെങ്കില്‍... എന്തെങ്കിലുമൊക്കെ സംഭവിക്കും. യേശുദാസിനെ ബാബുക്കക്ക് ഇഷ്ട്ടമായിരുന്നിരിക്കാനും സാധ്യതയുണ്ട്. അത് വേറെ ചില നിരീക്ഷണങ്ങളിലേക്ക് വഴിമാറിപ്പോകും. ഇപ്പോള്‍ വേണ്ട.
ഇനി, ഇക്കൂട്ടത്തില്‍ വേറെ ചില സംശയങ്ങള്‍ കൂടി ഉന്നയിക്കുവാന്‍ നമ്മള്‍ വിചാരിക്കുന്നു.
ഉര്‍ദുവില്‍ അതിനൊരു ഭാഷ്യം ചമച്ചാല്‍ എങ്ങനെയിരിക്കും? details നിങ്ങള്‍ക്ക് വിട്ടു തരുന്നു.
ഷാഹിദ് പര്‍വേസ് പോലുള്ള ഒരാള്‍ സിത്താറില്‍ അതിനൊരു വിശദാംശം നല്‍കിയാല്‍? an interpretation of "താമസമെന്തേ..." details അറിയില്ല. ഒരു പെണ്ണ് അത് പാടിയാല്‍....?
(നാട്ടിലെ പാട്ടുകാരിക്കുട്ടികള്‍ ട്രൈ ചെയ്തു ഇപ്പോതന്നെ കൊളമാക്കണ്ട, പ്രാക്ടീസ് നടന്നോട്ടെ. )
(യേശുദാസിന്‍റെ പാട്ട് അതെ മീറ്ററില്‍ ചിത്ര പാടുന്നു എന്നല്ല അപ്പറഞ്ഞത്‌ കൊണ്ട് ഉദ്ദേശിച്ചത്.) അഴകാന തമിഴില്‍ ഒരു പിയാനോ മാത്രം കൊണ്ട് മാജിക്‌ കാണിച്ചു റഹ്മാന്‍ അത് ചെയ്‌താല്‍...?
ഇന്നത്തെ ഭീകര ശിങ്കങ്ങള്‍ ചേര്‍ന്ന് (സൌത്ത്-നോര്‍ത്ത്) അത് ഒരു ആല്‍ബത്തില്‍ പാടുന്നു. അപ്പോഴോ? ഓര്‍ക്കുക: ജന-ഗണ-മന= റഹ്മാന്‍.
ദീപക് പണ്ഡിറ്റ്‌ ഓര്‍കസ്ട്രഷന്‍ ചെയ്തിട്ട് ദാമന്‍ സൂദിന്റെ എജ്ചിനീറിങ്ങില്‍ അത് ജഗജിത് സിംഗ് പാടിയിരുന്നെങ്കില്‍........


(മലയാള സിനിമാ സംഗീതത്തിന്റെ അന്‍പതുവര്‍ഷത്തെ ചരിത്രത്തില്‍ 'താമസമെന്തേ വരുവാന്‍' എന്ന ബാബുരാജ് ഗാനത്തെ എങ്ങിനെ അടയാളപ്പെടുത്താം എന്നതിനെക്കുറിച്ച് ഷഹബാസ് അമന്‍ 'മാധ്യമം' ആഴ്ച്ചപ്പതിപ്പില്‍  എഴുതിയ ലേഖനം) 

(കടപ്പാട്: മാധ്യമം ആഴ്ച്ചപ്പതിപ്പ്)

No comments:

Post a Comment