" നായുടെ നാക്കിന്‍റെ നേര്‍മ്മയില്‍, കുത്തും പുള്ളിയും നിറഞ്ഞ്കുഴഞ്ഞാടുന്ന ദോശയുടെ വിഗ്രഹം പയ്യന്‍റെ മനസ്സില്‍ ഉയര്‍ന്നു .ഒരു കണ്‍വേയര്‍ ബെല്‍റ്റിലെന്നപോലെ അസംഖ്യം ദോശകള്‍പയ്യന്‍റെ മനസ്സിലൂടെ ഒന്നൊന്നായി കടന്നുപോയി .ഒടുവില്‍ ദോശകള്‍ തീര്‍ന്നപ്പോള്‍ ബെല്‍ററ് നിന്നു.ബെല്‍റ്റ് വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ ദോശ മുക്കിത്തിന്നാനുള്ള സാധനങ്ങളാണ് അതിലൂടെ വന്നത് .പൊട്ടുകടലയും കപ്പല്‍മുളകും കടുകും വറുത്തിട്ട ,വരിക്കത്തെങ്ങിന്‍റെ വലിയ നാളികേരം അരച്ച്ചുണ്ടാക്കിയ ചട്നിയും,ഉള്ളിയും മുളകും ഉപ്പും ചേര്‍ത്തരച്ച് പപ്പടം കാച്ചിയ എണ്ണയില്‍ പൊരിച്ചെടുത്ത വെങ്കായച്ചമ്മന്തിയും .വായില്‍ വെള്ളം നിറഞ്ഞു.ചിന്തിക്കാന്‍ വയ്യാതായി പയ്യന്.വെള്ളം 'കുടും' എന്നിറക്കി.പകുതി ഇടത്തൊണ്ടയില്‍ പ്രവേശിച്ചു .കുരച്ചു ,ശക്തിയായി കുരച്ചു.കുര നിന്നപ്പോള്‍ തന്നോട് തന്നെ ചോദിച്ചു : വാദത്തിനു വേണ്ടി നീ പോയി ദോശ തിന്നാന്‍ തീരുമാനിച്ചു എന്നുതന്നെ വെക്കുക .എങ്കില്‍ ആയത് പാര്‍ട്ടിയുടെ അച്ചടക്കത്തിനും വിപ്ലവത്തിന്‍റെ നിയമാവലിക്കും എതിരാവില്ലേ?ആ നിമിഷത്തില്‍ പയ്യന്‍റെ വയറ്റില്‍ ആര്‍ത്തിയുടെ വീണക്കമ്പി ഒരു ക്വാണം പുറപ്പെടുവിച്ചു .പ്രലോഭനത്തിനുചുവടെ പയ്യന്‍റെ മനസ്സ് വൈരുദ്ധ്യാധിഷ്ടിത ഭൌതികസിദ്ധാന്തത്തില്‍ അപ്പോള്‍ ചുട്ടെടുത്ത ഒരു ദോശ കണക്ക് കുഴഞ്ഞു വീണു "- വി .കെ .എന്‍ (ദോശ ).
- മേല്‍ കൊടുത്തിരിക്കുന്നത് പോലൊരു സാധനം എഴുതി വെക്കാന്‍ ഇന്ന് ജീവിച്ചിരിക്കുന്ന ആര്‍ക്കെങ്കിലും കഴിയുമോ? അതിരിക്കട്ടെ .ഇതൊന്ന്‍ വായിച്ച് അന്തം വിടാനുള്ള ഭാഷാപരമോ ധൈഷണികമോ ആയ കപ്പാസിറ്റി പോലും ഇല്ലാത്ത 'പുതിയ ഒരു തരം ധനകാര്യലോക ക്രമം ' ആണ് ''ചേതന്‍ ഭഗത് '' എന്ന ഒരു പേര് പോലും ക ണ്ടു പിടിച്ചത് എന്ന് ഞങ്ങള്‍ പറയും.
'' സായാഹ്നങ്ങളുടെ അച്ഛാ ..''(ഒ.വി .വിജയന്‍) എന്ന് എഴുതുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും അശക്തരായ ചില എഴുത്തുകാരെ,അവര്‍ എഴുതുന്നത് ഇംഗ്ലീഷില്‍ ആണ് എന്നതിന്‍റെ പേരില്‍ മാത്രം കൊണ്ട് നടക്കുന്നതിനെ ഉയര്‍ന്ന ഐ ക്യു ആയി കാണുന്നത് മിനിമം ലെവലില്‍ ഒരു കോമഡി ആണെന്ന് പറയാം .കത്തുന്ന ലോക സാഹചര്യങ്ങളില്‍ പ്രത്യേകിച്ചും ഇത്തരം ശരാശരി എഴുത്തുകാരുടെ സാധാ നിലവാരം മാത്രമുള്ള രാഷ്ട്രീയ പ്രസ്താവനകളെ വൈകാരികമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കുന്നത് ഒരര്‍ത്ഥത്തില്‍ നമ്മുടെ നിലവാരത്തകര്‍ച്ചയെത്തന്നെയാണ് കാണിക്കുന്നത് .മാത്രമല്ല ദൂരകാല വ്യാപകമായ കുഴപ്പങ്ങള്‍ക്ക് കാരണമാകുന്ന ഒരു മണ്ടത്തരം കൂടി അതില്‍ ഒളിഞ്ഞിരിപ്പുണ്ട്.
(''what is happening to gaza is'nt fair but sadly that is the only way sometimes terrorist organisations and their supporters learn to behave''-chetan bagath)
സമീപ കാലത്ത് ഇന്ത്യയില്‍ ഭാഗ്യ വശാലോ നിര്‍ഭാഗ്യവശാലോ ഏറ്റവും വായിക്കപ്പെടുന്ന ഒരു എഴുത്തുകാരന്‍ എന്ന നിലയിലേക്ക് 'വളര്‍ന്നതില്‍' ചേതനെ അഭിനന്ദിച്ചു കൊണ്ട് തന്നെ നമുക്ക് പറയാം അയാളുടെ 'ഗാസ പ്രസ്താവന'യെ അവഗണിക്കുന്നതാണ് നല്ലതെന്ന്‍ .ആളുകള്‍ തമ്മിലടിക്കുമ്പോള്‍ കിട്ടുന്ന ഇറ്റ്ചോരയുടെ നെഗറ്റീവ് പബ്ലിസിറ്റി പോലും റോയല്‍റ്റിയാക്കാവുന്ന ഒരു മാധ്യമ കാലത്താണ് ഇന്ന് നമ്മള്‍ ജീവിചിരിക്കുന്നത് .അതുകൊണ്ട് , അടികൂടാന്‍ വേണ്ടി മാത്രം ഒരുങ്ങി നില്‍ക്കുന്ന നമ്മുടെ പൊതു മണ്ഡല ത്തിലേക്ക് ''അമേന്‍ '' സിനിമയിലെ ആദ്യരംഗത്തെ ഓര്‍മിപ്പിക്കും വിധത്തില്‍ ആരെങ്കിലും ഒരു പൊതിക്കെട്ടുമായി പതുങ്ങിപ്പതുങ്ങി വരുമ്പോള്‍-അത് ആരാണെങ്കിലും ശരി -രണ്ടു വട്ടം ചിന്തിക്കുന്നത് നല്ലതായിരിക്കും.നന്ദി .
Shahabaz Aman via Facebook
No comments:
Post a Comment