Shahabaz Aman

       
 മലപ്പുറത്ത്‌ ജനിച്ചു. M.S. ബാബുരാജിന്‍റെയും മെഹ്ദി ഹസ്സന്‍ സാബിന്‍റെയും ഗുലാം അലിയുടെയും പാട്ടുകള്‍ സഹൃദയ സദസ്സുകള്‍ക്ക് മുന്നില്‍ പാടി സംഗീതലോകത്തേക്ക് കടന്നു വന്നു. വര്‍ഷങ്ങളുടെ പ്രയത്നത്തിനൊടുവില്‍ മലയാള ഭാവഗീതങ്ങളുടെ വഴിയില്‍ ഒരു പുതിയ പരീക്ഷണമായി SOUL OF ANAMIKA IN BLACK AND WHITE എന്ന പേരില്‍ ഒരു ആല്‍ബം-ഒരു പ്രണയ തീക്ഷ്ണതയുടെ ആത്മാവിഷ്കാരം. 
     
 പാര്‍സിയിലൂടെ ഉറുദുവില്‍ ചേക്കേറി അവിടെ മാത്രം ഒതുങ്ങി നിന്ന ഗസലിന്‍റെയും സുഫി സംഗീതത്തിന്‍റെയും സൌരഭ്യം വ്യതിരക്തതയോടെ മലയാളത്തിലേക്ക് സന്നിവേശിപ്പിക്കുന്നതിന്‍റെ സുഖം ആസ്വാദകര്‍ ആഹ്ലാദത്തോടെയും , എന്നാല്‍ തെല്ലോരല്ഭുതതോടെയും നോക്കി നിന്നു. എം എസ് ബാബുരാജ്‌ എന്ന മാന്ത്രിക സംഗീതകാരന്‍ മലയാളത്തിലേക്ക് കൊണ്ടുവന്ന ഗസല്‍മധുരം പുതിയകാലത്ത് പുതിയ പരീക്ഷണങ്ങളോടെ ഈ ചെറുപ്പക്കാരന്‍ അവതരിപ്പിക്കുമ്പോള്‍ പാട്ടുകള്‍ ആത്മാവിനോട് സംവദിക്കണമെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകള്‍ വളരെ വേഗത്തില്‍ ഏറ്റെടുത്തു. ആദ്യ ആല്‍ബത്തിലെ "സജിനീ.. " എന്ന പാട്ട് ഒരു കൊടുങ്കാറ്റു പോലെയാണ് പ്രണയം ഇനിയും വറ്റാത്ത മനസ്സുകളിലേക്ക് ചേക്കേറിയത്. ലൈവ് concert -കളില്‍ ആളുകള്‍ ഈ പാട്ടിനായി കാത്തിരുന്നു. പ്രാണസഖിയും ഓത്തുപള്ളിയും ശ്രോതാക്കളിലേക്ക് ഒഴുകിയിറങ്ങിയപ്പോള്‍ സ്ഫുടം ചെയ്തെടുത്ത ശബ്ദങ്ങള്‍ കേട്ട് മടുത്തു പോയവര്‍ക്ക് ഈ വേദന നിറഞ്ഞ നേര്‍ത്ത ഇടര്‍ച്ചയുള്ള ശബ്ദം ശ്രവണപുടങ്ങളും കടന്നു ആത്മാവിനുള്ളിലേക്ക് കയറി പ്പോയി. 
     
മെഹ്ദി ഹസ്സന്‍റെയും ഗുലാം അലിയുടെയും ഗസലുകള്‍ ഒരു തോരാത്ത മഴ പോലെ ഒഴുകി വരുമ്പോള്‍ ഒരു പുതിയ സംഗീത ശ്രാവ്യവിരുന്നിനു അവസരം കിട്ടിയതിലുള്ള സന്തോഷത്തിലാണ് നല്ല പാട്ടിന്‍റെ കൂട്ടുകാര്‍. കവിത ജനകീയമാകുന്നത് അതിനു സംഗീതാത്മകമായ ഒരു അസ്ഥിയുണ്ടാകുംബോഴാണ്. പ്രഗല്‍ഭരുടെ മികച്ച കവിതകളുടെ സംഗീതാവിഷ്കാരങ്ങള്‍ ചെയ്തു മലയാളി ആസ്വാദകരെ വിസ്മയിപ്പിച്ചു കളഞ്ഞു ഈ ഗസല്‍ മാന്ത്രികന്‍. മാധവിക്കുട്ടി, റോസ് മേരി , റഫീക്ക് അഹമദ്, ഓ എന്‍ വി ,എ. അയ്യപ്പന്‍, കടമ്മനിട്ട, ഡി.വിനയചന്ദ്രന്‍, സച്ചിദാനന്ദന്‍ തുടങ്ങിയവരുടെ കവിതകള്‍ക്ക് സംഗീതം നല്‍കി അനുവാചകരിലേക്ക് എത്തിച്ച ഷഹബാസ് അമന്‍, പൂവച്ചില്‍ ഖാദര്‍ , ഓ എന്‍ വി തുടങ്ങിയ പാട്ടെഴുത്തുകാരുടെ വരികള്‍ക്ക് ഈണം നല്‍കിയും മലയാള ഭാവഗീതശാഖക്ക് ഒരു കൂട്ടം നല്ല പാട്ടുകള്‍ നല്‍കി.
 
 
പാട്ടുകാരന്‍, സംഗീത സംവിധായകന്‍ എന്നിവക്കപ്പുറം മനോഹരമായി പാട്ട് എഴുതുകയും ചെയ്യുന്നു ഈ പ്രതിഭാധനന്‍. സമകാലികങ്ങളില്‍ പാട്ടിനെക്കുറിച്ചുള്ള എഴുത്തുകള്‍ നിര്‍ഭയമായ തുറന്നു പറച്ചിലുകളുടെ ഒരു ആഘോഷമാണ്. അര നൂറ്റാണ്ടിന്‍റെ ചരിത്രമുള്ള മലയാള സിനിമ സംഗീതത്തിലെ ഏറ്റവും മികച്ച ഗാനം എന്ന് ധൈര്യ സമേതം പറയാവുന്ന ബാബുരാജ്‌-പീ ഭാസ്കരന്‍ കൂട്ടുകെട്ടിന്‍റെ "താമസമെന്തേ വരുവാന്‍..." എന്ന പാട്ടിന്‍റെ മനോഹാരിതയെക്കുറിച്ചും അതിന്‍റെ സാധ്യതയെക്കുറിച്ചും മാധ്യമം ആഴ്ചപ്പതിപ്പില്‍ ഷഹബാസ് അമന്‍ എഴുതിയത് വായിച്ചാല്‍ അത് ബോധ്യപ്പെടും.
 
 
ഗസല്‍ ആല്‍ബങ്ങളും കടന്നു മലയാള സിനിമാ സംഗീതസംവിധാന രംഗത്തും  ഗാനരചനയിലും പിന്നണിഗാന രംഗത്തും തന്‍റേതായ ഇടം കണ്ടെത്തിയ ഷഹബാസ് പകല്‍നക്ഷത്രങ്ങള്‍, രാമാനം, പരദേശി (യാ ധൂനി ധൂനി എന്ന ഗാനം),  ഇന്ത്യന്‍ റുപ്പീ,  സ്പിരിറ്റ്, റോസ് ഗിറ്റാറിനാൽ ‌  തുടങ്ങിയ സിനിമകള്‍ക്ക്‌ സംഗീത സംവിധാനവും "ചാന്തു കുടഞ്ഞൊരു... "(ചാന്തുപൊട്ട്), "ഇഷ്ട്ടമല്ലേ..."(ചോക്ലേറ്റ്), "കുയിലുകളേ..."(ഒരുവന്‍), "എന്തൊരിഷ്ടം...."(പരുന്ത്), കായലിനരികെ (അന്നയും റസൂലും-മെഹബൂബ് ഗാനത്തിന്റെ പുനരാവിഷ്കാരം), സമ്മിലൂനീ (അന്നയും റസൂലും), കണ്ട് രണ്ടു കണ്ണ് (അന്നയും റസൂലും-മെഹബൂബ് ഗാനത്തിന്റെ പുനരാവിഷ്കാരം)   തുടങ്ങിയ സിനിമാ ഗാനങ്ങള്‍ക്ക് തന്‍റെ ആര്‍ദ്രമായ ശബ്ദവും നല്‍കി ഒരു പുതിയ വഴി തുറന്നിട്ടിരിക്കുന്നു.