Sunday, 31 March 2013

ഗസല്‍ നിലാവിലെ കോർണർ കിക്കുകൾ

 ഫുട്‌ബോളും സംഗീതവും പ്രണയമായ് നിറയുന്ന നാട്ടു നന്മകളുടെ പുസ്തകമാണ് ഷഹബാസ് അമന്റെ ഓം അല്ലാഹ്. വികാരഭരിതമായ ഒരു ഗസലിന്റെ മിന്നല്‍പ്പിണറായി അനുഭവിക്കാനാവുന്ന രചനകൾ‍.
ഫുട്‌ബോളിന്റെ ഇശലുകളിൽ ‍ പ്രണയവും ജീവിതവും തളിർ‍ത്തു നില്‍ക്കുന്ന ഒരപൂർവ ഗസലാണ് ഷഹബാസ് അമന്റെ ഓം അല്ലാഹ്. ഓർ‍മയും സംഗീതവും കാല്‍പ്പന്തും മലപ്പുറത്തിന്റെ നാട്ടുനന്മകളും വിരിയുന്ന പുതുമയാർ‍ന്ന ഒരു ''കിയാല്''. ഗസലുകളുടെ ലോകത്ത് മലയാളത്തിന്റെ മധുരനാദമുണർ‍ത്തുന്ന ഷഹബാസ് അമൻ‍ പലപ്പോഴായി എഴുതിയ ലേഖനങ്ങളുടെയും കുറിപ്പുകളുടെയും ചില ഗാനങ്ങളുടെയും സമാഹാരം. പ്രൊഫഷനൽ‍ എഴുത്തുകാരുടെ പതിവുമട്ടിലുള്ള എഴുത്തു വഴക്കങ്ങളൊന്നും പാലിക്കാതെ സ്വന്തമായും സ്വതന്ത്രമായും എഴുതുന്നതിന്റെ തനിമയും സുഖവും അനുഭവിക്കാനാകുന്നു എന്നതാണ് എടുത്തു പറയാനുള്ളത്. 'സ്വന്തം പാട്ട് ഒരിക്കലെങ്കിലും പാടൂ' എന്ന് ആഹ്വാനം ചെയ്യുന്ന ഗ്രന്ഥകാരൻ‍ ആത്മവിശ്വാസത്തോടെ സ്വന്തം ശബ്ദം കേൾ‍പ്പിക്കുന്നത് അനുഭവിച്ചറിയാം.  


കേരള മലയാളികൾ‍ക്ക് എളുപ്പത്തിൽ ‍ നല്‍കാവുന്ന ഒരു സ്ലോഗൻ ‍റെയ്ഞ്ചു കുറഞ്ഞ ഒരു ജനത എന്നാണെന്ന് വിശദീകരിക്കുന്നുണ്ട് പുസ്തകം. ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന് പറയുകയും അധികാരികളെ ദൈവങ്ങളായി വിചാരം ചെയ്യുകയും ചെയ്യുന്നു. സിനിമാപ്പാട്ടിലൂടെ സംഗീതത്തെ, മതപണ്ഡിതനിലൂടെ ദിവ്യവെളിച്ചത്തെ, അറിയുന്ന ജനത. വെറും മദ്യത്തില്‍ 64 ലഹരികളെയും കുടിയിരുത്തുന്ന കേരള മലയാളി ചെറിയൊരങ്ങാടിയിൽ‍ വെറുതേ ചുറ്റിത്തിരിയുകയാണെന്ന് ഷഹബാസ് അമൻ‍ എഴുതുമ്പോൾ‍ അത് ഒരു പാട്ടുകാരന്റെ വെറും കാഴ്ചകളല്ല, ജീവിതത്തോട് ഒരു സവിശേഷ വീക്ഷണം പുലർ‍ത്തുന്ന പ്രതിഭയുടെ കാഴ്ചപ്പാടാണെന്ന് മനസ്സിലാക്കാനാവും.  

ലേഖനമെഴുത്തിന്റെയോ അനുഭവമെഴുത്തിന്റെയോ ഒരു ചിട്ടകളും പാലിക്കുന്നില്ല ഈ പുസ്തകം. മലപ്പുറത്തിന്റെ നാട്ടുവർ‍ത്തമാനങ്ങളുണ്ട്, ലോകസംഗീതത്തിന്റെ മഹാനാദങ്ങളുടെ മുഴക്കമുണ്ട്, നെഞ്ചിൽ‍ മിടിക്കുന്ന ഫുട്‌ബോളിന്റെ താളമുണ്ട്, വിശപ്പിന്റെ നനഞ്ഞ നീറ്റലുണ്ട് ഈ പുസ്തകത്തിൽ‍. സിനിമയും സാഹിത്യവും സ്വാഭാവികമായിത്തന്നെ സംഭാഷണങ്ങളിലേക്കു കടന്നു വരുന്നു. ചില കുറിപ്പുകളിലാകട്ടെ, സൗഹൃദത്തിന്റെ കുളിരണിയിക്കുന്ന ചൂട് വാക്കുകളിൽ നിന്ന് പുകഞ്ഞുയരുന്നു. അനൗപചാരികതയും തുറന്ന മനോഭാവവുമാണ് ഈ കുറിപ്പുകളുടെയും നിരീക്ഷണങ്ങളുടെയും വലിയ സവിശേഷത. ഷഹബാസ് അമന്റെ സുപ്രസിദ്ധമായ സജ്‌നി എന്ന ഗസലും ഗാനത്തിന്റെ സ്‌ക്രിപ്റ്റും പൂർ‍ണമായി ഉൾ‍പ്പെടുത്തിയിട്ടുണ്ട്. സംഗീതത്തെക്കുറിച്ചുള്ള ഷഹബാസ് അമന്റെ കാഴ്ടപ്പാടുകള്‍ പലപാട് വിശദീകരിക്കുന്നു.

പാട്ടിനോടുള്ളതിനേക്കാൾ‍, മുളയിലേ പിടികൂടിയ ഒരഭിനിവേശമാണ് തനിക്കു ഫുട്‌ബോളിനോടുള്ളത് എന്ന് ഷഹബാസ് വ്യക്തമാക്കുന്നു. ഈമാൻ‍ കാര്യങ്ങൾ‍ ഏഴെണ്ണമായിരുന്നെങ്കിൽ‍ അതിൽ‍ അവസാനത്തേത് ഫുട്‌ബോൾ‍ ആയിരിക്കുമെന്ന് ഉറപ്പാണെന്നു പറയുംവിധം അസ്ഥിക്കു പിടിച്ച ഫുട്‌ബോൾ‍ ലഹരി. അതേ സമയം തീവ്രമായ ഒരു രാഷ്ട്രീയബോധ്യവും പുലർ‍ത്തുന്നുണ്ട് ലേഖനങ്ങൾ‍. ഗ്രാമത്തിൽ‍ ടിവി ഉണ്ടായിരുന്ന വളരെച്ചുരുക്കം വീടുകളിലൊന്നിൽ‍ പാതിരായ്ക്ക് നൂണ്ടുകയറി ലോകകപ്പ് കാണുന്നതിനെക്കുറിച്ച് എഴുതുന്നതിനിടയിൽ‍ വിസ്മയം പോലെ ഒരുപമ കടന്നു വരുന്നത് ഇങ്ങനെ-''ഗ്രൗണ്ടിലെ പച്ചപ്പ് പ്രതിഭാരഹിതമായ യൂറോപ്യന്‍ വേഗത്താല്‍ ഞെരിഞ്ഞു. വെളുത്തു കറുത്ത തുകൽ‍പ്പന്താകട്ടെ, ബീഹാറിലെ ഒരു ഗ്രാമത്തിൽ‍ നിന്ന് ഒളിച്ചോടിപ്പോയ കമിതാക്കളെപ്പോലെ നിരന്തരം ആക്രമിക്കപ്പെട്ടു''! ലേഖകന്റെ രാഷ്ട്രീയബോധ്യങ്ങളിലേക്കു വെളിച്ചം തൂകുന്ന ഇത്തരം നിലപാടുകള്‍ ഓം അല്ലാഹിനെ ഒരർ‍ഥത്തിലെങ്കിലും പ്രതിരോധത്തിന്റെ പുസ്തകമാക്കുന്നുണ്ട്. കളിനിലങ്ങളും കളിക്കമ്പങ്ങളും തുലച്ചു കളഞ്ഞ് നമ്മൾ‍ പ്രായോഗികതയിലേക്കു കളംമാറ്റുമ്പോൾ‍ അരുന്ധതി റോയിയോ ഇറോം ശർ‍മിളയോ മേധാ പട്കറോ നമുക്ക് വലിയവരല്ലാതായിത്തീരുന്നു എന്ന് ഷഹബാസ് സങ്കടത്തോടെ രോഷം കൊള്ളുന്നു. 

 ടോർച്ചിന്റെ വെളിച്ചത്തിൽ‍ സ്വന്തം വീട്ടിലേക്കു പോകുന്നതു പോലെ എളുപ്പമല്ല, യേശുദാസിലൂടെ സംഗീതത്തെ കണ്ടെത്താൻ‍ ശ്രമിക്കുന്ന വിദ്യ എന്നു പറയുന്ന ഷഹബാസിന് മെഹദി ഹസ്സനും റൂമിയും ജോണ്‍ ലെനനും മൈക്കൾ‍ ജാക്‌സണും മാത്രമല്ല, മറഡോണയും ചെഗുവേരയും ഹിഗ്വിറ്റയും ബഷീറും ഒക്കെ ഹൃദയത്തിലിടമുള്ളവരാണ്. ഫുട്‌ബോളിനോടുള്ള ആത്മാർ‍ഥതയും സംഗീതത്തോടുള്ള പ്രണയവും മലപ്പുറത്തിന്റെ നാട്ടുനന്മകൾ‍‍ നിറഞ്ഞ ജീവിതത്തിന്റെ ഹൃദ്യസ്മരണകളും നിറഞ്ഞ ഈ പുസ്തകം മറ്റെന്തിനെക്കാളും അതിന്റെ തനിമ കൊണ്ടാണ്, ഒറിജിനാലിറ്റി കൊണ്ടാണ് നമ്മെ കീഴടക്കുന്നത്. ഹാർ‍മോണിയത്തിന്റെ കാറ്റുപാളികൾ‍‍ വകഞ്ഞ് ഞങ്ങൾ‍ വെളിച്ചത്തെ മുറിച്ചു കടക്കുന്നു എന്നെഴുതുന്നതിന്റെ ദ്യുതി, വികാരഭരിതമായ ഒരു ഗസലിന്റെ മിന്നല്‍പ്പിണറായി അനുഭവിക്കാനാകുന്ന രചനകൾ‍.   


(കടപ്പാട് : ബിജു സി.പി - മാതൃഭൂമി )


'ഓം അല്ലാഹ്' വാങ്ങാം

1 comment: