റേയ്ഞ്ച് കുറഞ്ഞ ഒരു ജനത -കേരള മലയാളികള്‍ക്ക് എളുപ്പത്തില്‍ നല്കാവുന്ന ഒരു സ്ലോഗന്‍ ആണ് അത്. ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന് പറയുകയും ഗന്ധര്‍വനെ ദൈവങ്ങളായി വിചാരണ ചെയ്യുകയും ചെയ്യുന്ന ഒരു ജനത. സിനിമാപാട്ടിലൂടെ സംഗീതത്തെ അറിയാന്‍ വിധിക്കപ്പെട്ട ഒരു ജനത. സിനിമാ നടനിലൂടെ നാട്യത്തെ അറിയാന്‍ വിധിക്കപ്പെട്ട ഒരു ജനത. രാഷ്ട്രീയക്കാരനിലൂടെ രാഷ്ട്രമീമാംസയുടെ ദര്‍ശനത്തെ അറിയാന്‍ വിധിക്കപ്പെട്ട ജനത. കേവലമൊരു മതപണ്ഡിതനിലോ ഒരു സന്യാസയിയിലോ ദൈവപ്രകാശത്തെ കുടിയിരുത്താന്‍ വിധിക്കപ്പെട്ട ഒരു ജനത. കേവലം മദ്യത്തില്‍ 64 കലകളേയും കുടിയൊഴിപ്പിക്കാന്‍ വിധിക്കപ്പെട്ട ഒരു ജനത. അന്തസുറ്റ വസ്ത്രധാരണത്തില്‍ ആഭിജാത്യത്തെ കുടിയിരുത്താന്‍ വിധിക്കപ്പെട്ട ഒരു ജനത. ആനുകാലികങ്ങളില്‍ സരസ്വതീദര്‍ശനം കാത്ത് കഴിയുന്ന ഒരു ജനത. അതുകൊണ്ടാണ് ഇവിടുത്തെ ഒരു സാധാരണ ഒരു പെണ്‍ ഗായികയ്ക്ക് എസ്.ജാനകി വലിയൊരു ഗായിക ആകുമ്പോള്‍ എസ്.ജാനകിയ്ക്ക് ലതാജി വലിയൊരു ഗായികയാവുന്നു.
അതുകൊണ്ടാണ് ഇവിടുത്തെ ഒരു സാധാരണ ആണ്‍ ഗായകന് യേശുദാസ് വലിയൊരു മിത്താകുമ്പോള്‍ യേശുദാസിന് റഫി അതിലും വലിയൊരു ബിംബമാകുന്നത്. നൈലിനേക്കാളും നിള വലുതെന്ന് നമ്മള്‍ കരുതുകയും അത് ആപ്തവചനവും അത് മനസ്സിന്റെ വലുപ്പമായി നമ്മള്‍ കാണുകയും അതേ സമയം നമ്മള്‍ മണലെടുത്ത് പോയി സ്വയം വറ്റിക്കുന്ന സ്വയം നിര്‍ജ്ജലീകരിക്കുന്ന സ്വയം നിര്‍ജ്ജ്വലിക്കുന്ന ഒരു ജനതയായിത്തീരുന്നതും. ചെറിയൊരു അങ്ങാടിയില്‍ മുട്ടിത്തിരിയുന്നത് ദര്‍ശനത്തിന്റെ വലിയ ആഴമായി നിദര്‍ശിക്കുന്ന നമ്മള്‍ക്ക് ചെറിയ കൂടിയിരിക്കല്‍ വലിയൊരു സാധുതയായി തോന്നും. ലോകം മുഴുവന്‍ ലതാജിയെ വാഴ്ത്തുമ്പോള്‍ ലതാജി പറയുന്നത് മെഹ്ദി ഹസന്‍ പാടുമ്പോള്‍ ദൈവം പാടുന്നു എന്നാണ്.
വിഭജനത്തില്‍ താജ് രണ്ട് കഷണമാക്കപ്പെട്ടിരുന്നെങ്കില്‍ എന്ന പോലെ മൂളിക്കഴിയുന്ന കാല്‍പ്പോടിന്‍ യുഗ്മമാണ് മെഹ്ദിഹസനും ലതയും. ഏറ്റവും വലിയ യാഥാര്‍ത്ഥ്യങ്ങളില്‍ ഒന്നുമാണ് അത്. നയ്യാല നൂര്‍ പാടുന്നതിനേക്കാളും വേദന ചിത്രയുടെ പാട്ടില്‍ കേരളീയര്‍ കാണുന്നത് വിഭജനത്തിന്റെ വേദന ഹൃദയത്തിലേക്ക് ഏറ്റ് വാങ്ങാത്തത് കൊണ്ടാണ്. സാദത്ത് ഹസ്സന്‍ മെന്തേള്‍ വിഭജനം താങ്ങാനാവാതെ നീറി ജീവിച്ച് അതേ വര്‍ഷത്തില്‍ മരിച്ചയാളാണ് എന്നത് ഇന്ന് നമുക്ക് കോമഡിയായി മാറുന്നത് അതേ വേദനയുടെ കുറവ് കൊണ്ടും ആഴക്കമ്പി കൊണ്ടുമാണ്. ഇത്രയും കാര്യങ്ങള്‍ പറയാന്‍ ലതാജി ഒരു നിദാനമായത് എന്നെ സംബന്ധിച്ച് അവര്‍ സാര്‍വ്വ ലൗകീകാലൗകീകമായ ഒരു ചിഹ്നമായത് കൊണ്ട് തന്നെയാണ്.
എന്റെ വീട്ടിലേക്ക് വരാമെങ്കില്‍ ഞാന്‍ മുത്ത് പോലെ നോക്കിക്കൊള്ളാം ,മെഹ്ദി എനിക്ക് ജ്യേഷ്ഠസഹോദരനുമാണ് എന്ന് ലതാജി ആവര്‍ത്തിച്ച് പറഞ്ഞ് കഴിഞ്ഞു. ജലത്തില്‍ പ്രതിബിംബിക്കാത്ത ചന്ദ്രക്കല പോലെ ആ ശബ്ദം അലയുന്നു. നാം അവരുടെ പാട്ട് മാത്രം കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നു.
(മാതൃഭൂമി പ്രസിദ്ധീകരിച്ച ‘ലതാ മങ്കേഷ്‌കര്‍: സംഗീതവും ജീവിതവും ‘ എന്ന പുസ്തകത്തിന്റെ പ്രകാശനവേളയില്‍ ഷഹബാസ് അമന്‍ സംസാരിച്ചതിന്റെ പൂര്‍ണ്ണരൂപം )
(കടപ്പാട്: ശ്രീ ലിജീഷ് കുമാര്‍, ബൂലോകം ഓണ്‍ലൈന്‍ )
പകല്‍ പോലെ സത്യം .. പ്രിയ ഗായകനോടുള്ള സ്നേഹം കൂടി .. നന്ദി ഒറ്റമൈനെ..
ReplyDelete